പതിനഞ്ച് ലക്ഷം രൂപവരെ വാർഷിക വരുമാനക്കാർക്ക് ആദായനികുതിയിൽ ഗണ്യമായ ഇളവുനൽകി നികുതിദായകരായ ഇടത്തരക്കാരുടെ പ്രതീക്ഷ കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ കാത്തു. ഇളവു പ്രതീക്ഷിച്ചിരുന്നു, എന്നാൽ കടുത്ത വരുമാന പ്രതിസന്ധിയിൽ നീങ്ങുന്ന കേന്ദ്രസർക്കാർ നികുതിദായകരെ കയ്യൊഴിയുമോ എന്ന ശങ്കയുമുണ്ടായിരുന്നു. പുതിയ നിരക്കുകൾ സ്വീകരിക്കുകയോ പഴയപടി തുടരുകയോ ചെയ്യാമെന്ന് ധനമന്ത്രി പറയുന്നു. നികുതിദായകന് നിലവിലുള്ള നികുതി സ്ലാബിൽ തുടരുകയോ പുതിയ സ്ലാബിലേക്ക് മാറുകയോ ചെയ്യാം. ആദായനികുതിയിലെ മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ അറിയാൻ ടാക്സ് കാൽകുലേറ്റർ ചുവടെ...
കുറഞ്ഞ പുതിയ നിരക്കുകൾ സ്വീകരിക്കുന്നവർക്ക് മുമ്പുണ്ടായിരുന്ന 100 ഇളവുകളിൽ 70 ലഭിക്കില്ല. നഷ്ടമാകുന്ന ഇളവുകൾ ഏതൊക്കെയാണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ആദായനികുതി സ്ലാബുകളും മാറ്റി.
∙ 2.5– 5 ലക്ഷം രൂപ വിഭാഗത്തിൽ 5 ശതമാനം നികുതി തുടരും.
∙ 5–7.5 ലക്ഷം വരുമാനക്കാർക്ക് 10 ശതമാനമാണ് പുതിയ നിരക്ക്. നേരത്തെ 5–10 ലക്ഷം വരുമാന വിഭാഗത്തിൽ പെട്ടിരുന്നതിനാൽ 20 ശതമാനമായിരുന്നു നികുതി.
∙ 7.5–10 ലക്ഷം വരുമാന വിഭാഗത്തിൽ 15 ശതമാനമാണ് പുതിയ നികുതി. നേരത്തെ 20%.
∙ 10–12.5 ലക്ഷം വരുമാന വിഭാഗത്തിൽ 20 ശതമാനമാണ് നിരക്ക്. നേരത്തേ ഈ വിഭാഗത്തിന് 30 ശതമാനമായിരുന്നു.
∙ 12.5–15 ലക്ഷം വിഭാഗത്തിൽ നികുതി 25 ശതമാനം. നേരത്തെ 30 ശതമാനം.
∙ 15 ലക്ഷത്തിനു മുകളിൽ 30 ശതമാനം.
∙ 50 ലക്ഷം രൂപയ്ക്കു മുകളിൽ വരുമാനമുള്ള വർക്ക് ബാധകമായി സെസും സർച്ചാർജും തുടരും.
ആദ്യ വിലയിരുത്തലിൽ പൂർണ തോതിൽ ഇളവുകൾ പ്രയോജനപ്പെടുത്തിയിരുന്ന നികുതിദായകർക്ക് പുതിയ നിരക്കിലൂടെ കാര്യമായ നേട്ടമുണ്ടാകില്ല. എന്നാൽ ഭൂരിഭാഗം പേർക്കും ഗണ്യമായ നേട്ടമുണ്ടാകും.
15 ലക്ഷം വരുമാനമുള്ളയാൾക്ക് ഇളവുകളൊന്നും പ്രയോജനപ്പെടുത്താത്ത സാഹചര്യത്തിൽ പുതിയ നിരക്കുകളിലൂടെ 79,000 രൂപയുടെ വരെ നേട്ടം ലഭിക്കുമെന്നു കണക്കാക്കുന്നു. മുൻ നിരക്കിൽ 2,73,000 നികുതി നൽകിയിരുന്ന സ്ഥാനത്ത് ഇനി 1,95,000 രൂപ ആദായനികുതി നൽകിയാൽ മതി.
ഇളവുകളിലൂടെ കേന്ദ്ര സർക്കാരിന് പ്രതിവർഷം 40,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. സ്ലാബുകളുടെ എണ്ണം കുറച്ചും ഇളവുകൾ ഒഴിവാക്കിയും ആദായ നികുതി ഘടന ലളിതമാക്കുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.
(കടപ്പാട് മലയാള മനോരമ്മ ഓൺലൈൻ )