2020-21 സാമ്പത്തിക വര്ഷത്തിലെ ആദായ നികുതി സോഫ്റ്റ് വെയറായ EASY TAX പുറത്തിറക്കുന്നും. സാധാരണത്തേതില് നിന്നും വ്യത്സ്തമായി ഇപ്രാവശ്യം 2 സ്കീമുകളില് നികുതി കണക്കാക്കി ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാം. അത് കൊണ്ട് തന്നെ സോഫ്റ്റ് വെയര് ഡവലപ്മെന്റ് അല്പം ബുദ്ധിമുട്ടേറിയതായിരുന്നു. പരമാവധി ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തിട്ടുള്ളതെങ്കിലും കാല്ക്കുലേഷനുകളിലെ കൃത്യത പരിശോധിക്കുക. തെറ്റുകള് ശ്രദ്ധയില് പെട്ടാല് വിവരം ഇ-മെയിലായി അയക്കുക.
ഫോം-16 ഉണ്ടാവില്ല
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെ ഫോം-16 പാര്‍ട്ട് എ മാത്രം ട്രേസസ് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയും പാര്‍ട്ട് ബി നമ്മള്‍ സോഫ്റ്റ് വെയറുകളില്‍ നിന്നും എടുത്ത് സ്ഥാപനമേധാവി ഒപ്പിട്ടു നല്‍കുകയുമായിരുന്നു പതിവ്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ഫോം 16 ന്‍റെ പാര്‍ട്ട് എ യും പാര്‍ട്ട് ബി യും നിര്‍ബന്ധമായും ട്രേസസില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക തന്നെ വേണം. ആയത് കൊണ്ട് ഇത്തവണ ഈസി ടാക്സില്‍ ഫോം 16 ജനറേറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ നല്‍കിയിട്ടില്ല. നല്‍കാന്‍ ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല. ട്രേസസില്‍ നിന്നും അല്ലാതെ ലഭിക്കുന്ന ഫോം 16 ന് നിയമ സാധുതയില്ല.
മാത്രമല്ല സോഫ്റ്റ് വെയറില്‍ സൗകര്യം നല്‍കുകയാണെങ്കില്‍ പലരും നിയമപരമായ നടപടിക്രമങ്ങളെ അവഗണിച്ച് മടികാരണം ട്രേസസിനെ ആശ്രയിക്കാതിരിക്കുകയും ചെയ്യും. എല്ലാവരെയും പരമാവധി നിയമ സാധുതയുള്ള നടപടികളിലേക്ക് ആകര്‍ഷിക്കുകയാണ് നമ്മുടെ ലക്ഷ്യം.
റിലീഫ് കാല്‍ക്കുലേറ്റര്‍
അരിയര്‍ റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിനുള്ള റിലീഫ് കാല്‍ക്കുലേറ്ററും ഇതോടൊന്നിച്ച് ലഭ്യമാക്കിയിട്ടുണ്ട്. ഇത്തവണ ടാക്സ് കണക്കാക്കാന്‍ രണ്ട് സ്കീമുകളുണ്ടല്ലോ.. ഈ രണ്ട് സ്കീമുകളിലും വരുന്ന നികുതി തുകകള്‍ വ്യത്യസ്തമായിരിക്കും. അരിയര്‍ റീലീഫിന്‍റെ തുക ടോട്ടല്‍ ടാക്സിനെ ആശ്രയിച്ച് വ്യത്യാസപ്പെടും എന്നത് കൊണ്ട് നമ്മള്‍ അരിയര്‍ റിലീഫും രണ്ട് സ്കീമിനും വെവ്വേറെ കാല്‍ക്കുലേറ്റ് ചെയ്യേണ്ടതുണ്ട്.
ആദ്യം അരിയര്‍ റിലീഫ് ഒഴിച്ച് ബാക്കയുള്ള എല്ലാ വിവരങ്ങളും ഈസി ടാതക്സില്‍ എന്‍റര്‍ ചെയ്ത് രണ്ട് സ്കീമിലെയും ടാക്സബിള്‍ ഇന്‍കം കണക്കാക്കുക. ഈ രണ്ട് സ്കീമിലെയും ടാക്സബിള്‍ ഇന്‍കം റിലീഫ് കാല്‍ക്കുലേറ്ററില്‍ എന്‍റര്‍ ചെയ്ത് ബാക്കിയുള്ള വിവരങ്ങള്‍ കൂടി എന്‍റര്‍ രണ്ട് സ്കീം സെലക്ട് ചെയ്താലും കിട്ടാവുന്ന റിലീഫ് തുക ലഭിക്കും. ഈ തുകകള്‍ തിരിച്ച് ഈസി ടാക്സില്‍ എന്‍റര്‍ ചെയ്താല്‍ നമുക്ക് രണ്ട് സ്കീമുകളിലെയും നെറ്റ് ടാക്സ് താരതമ്യം ചെയ്യാം..
എന്താണ് 32 ബിറ്റും 64 ബിറ്റും തമ്മിലുള്ള വ്യത്യാസം
മൈക്രോസോഫ്റ്റിന്‍റെ ആക്സസ് സോഫ്റ്റ് വെയറിലാണ് ഈസി ടാക്സ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. മൈക്രോസോഫ്റ്റ് ആക്സസിന്‍റെ 2010 വേര്‍ഷനോ അതിന് ശേഷമുള്ള വേര്‍ഷനോ ആണെങ്കില്‍ നിങ്ങള്‍ 64 ബിറ്റ് സോഫ്റ്റ് വെയറാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.
എന്ന് മൈക്രോ സോഫ്റ്റ് ആക്സസ് 2007 ഉം അതിന് മുമ്പും ഉള്ള വേര്‍ഷനുകളാണെങ്കില്‍ 32 ബിറ്റ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതി.
ഇനി ചില കമ്പ്യൂട്ടറുകളില്‍ രണ്ട് തരത്തിലുള്ള മൈക്രോസോഫ്റ്റ് ആക്സസും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. അത്തരത്തിലുള്ളവര്‍ ഏതെങ്കിലും ഒരു വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതി (64 ബിറ്റ് ഉചിതം).
ഇങ്ങിനെയുള്ള കമ്പ്യൂട്ടറുകളില്‍ ഈസി ടാക്സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഏതെങ്കിലും എറര്‍ മെസേജ് കാണിക്കുകയാണെങ്കില്‍ ഈസി ടാക്സ് ഐക്കണില്‍ Right Click ചെയ്ത് എന്ന Open with ഓപ്ഷണില്‍ അനുയോജ്യമായ ആക്സസ് സോഫ്റ്റ് വെയര്‍ സെലക്ട് ചെയ്താല്‍ മതി.
ഫെബ്രുവരി 1ന് സാമ്പത്തിക മന്ത്രി ശ്രീമതി നിര്‍മ്മല സീതാറാം അവതരിപ്പിച്ച സാമ്പത്തിക ബജറ്റില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
നികുതി നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും യാതൊരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ NEW REGIME എന്ന പേരില്‍ ഓപ്ഷണലായി ഒരു പുതിയ നികുതി സ്കീമും കൂടി അവതരിപ്പിച്ചു. ഇതിലേക്ക് മാറണമെന്നുള്ളവര്‍ക്ക് മാറാം അതല്ലാത്തവര്‍ക്ക് കഴിഞ്ഞവര്‍ഷത്തെ രീതി തുടരുകയും ചെയ്യാം.
പഴയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറി ആക്കി തിരിച്ച് മൂന്ന് വിഭാഗത്തിനും വ്യത്യസ്ത നികുതി സ്ലാബുകളായിരുന്നു. ഈ നിരക്കുകള്‍ താഴെ കാണുക. ഈ രീതിയില്‍ ആകെ വരുമാനത്തില്‍ നിന്നും വ്യത്യസ്ത തരത്തിലുള്ള കിഴിവുകള്‍ കഴിഞ്ഞതിന് ശേഷമാണ് ടാക്സബിള്‍ ഇന്‍കം (ടോട്ടല്‍ ഇന്‍കം) കണക്കാക്കുന്നത്. ഈ തുകയുടെ അടിസ്ഥാനത്തിലാണ് നികുതി കണക്കാക്കുന്നത്. ഈ രീതിയില്‍ നിക്ഷേപങ്ങള്‍ക്കും മറ്റും ഊന്നല്‍ നല്‍കി നികുതി കുറക്കുന്നതിനുള്ള ഒരു സാധ്യത നിലവിലുണ്ടായിരുന്നു.
പുതിയ നികുതി സമ്പ്രദായമനുസരിച്ച് വരുമാന പരിധികളെ 7 സ്ലാബുകളാക്കി തിരിച്ചാണ് നികുതി കണക്കാക്കുന്നത്. രണ്ടര ലക്ഷം രൂപയുടെ ഇടവേളകളാക്കി തിരിച്ച് താരതമ്യേന പഴയ നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇവിടെ നികുതി ഈടാക്കുന്നത്. ന്നാല്‍ ഇവിടെ ആകെ വരുമാനത്തില്‍ നിന്നും ഒരു തരത്തിലുള്ള ഡിഡക്ഷനുകളും അനുവദിക്കുന്നതല്ല എന്നതാണ് പ്രത്യേകത. Professional Tax, Entertainment Allowance, HRA, Staandard Deduction, NPS Contribution, Housing Loan Deductions, 80 C , Chapter VI-A യിലെ മറ്റു കിഴിവുകള്‍ തുടങ്ങിയവ ഒന്നും തന്നെ അനുവദിക്കുന്നതല്ല. ചുരുക്കിപ്പറഞ്ഞാല്‍ Gross Income തന്നെയാണ് ഇവിടെ ടാക്സബിള്‍ ഇന്‍കം ആയി പരിഗണിെക്കപ്പടുന്നത്.
എന്നാല്‍ ടാക്സബിള്‍ ഇന്‍കം 5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ പഴയ രീതിയിലെന്ന പോലെ തന്നെ 87(എ) എന്ന വകുപ്പ് പ്രകാരം 12,500 രൂപയുടെ റിബേറ്റ് ഈ സ്കീമിലും ലഭിക്കുന്നു.
പുതിയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ വേര്‍തിരിവുകളൊന്നുമില്ല. എല്ലാ വ്യക്തികളെയും തുല്യരായി പരിഗണിച്ച് ഒറ്റ നികുതി സ്ലാബ് മാത്രമാണുള്ളത്.
ഹൗസിംഗ് ലോണും പുതിയ നികുതി സമ്പ്രദായവും
നമ്മള് കഴിഞ്ഞ വര്ഷം തുടര്ന്ന വന്നിരുന്ന പഴയ സ്കീമില് ഹൗസിംഗ് ലോണിന്റെ മുതലിലേക്കടച്ചിരുന്ന തുക 80 സി യില് പരമാവധി ഒന്നര ലക്ഷം രൂപ വരെയും പലിശയിലേക്കടച്ചിരുന്ന തുക 2 ലക്ഷം രൂപ വരെ Income From House Property എന്നതില് നഷ്ടമായിട്ടും കാണിച്ചിരുന്നു. എന്നാല് പുതിയ സ്തീമില് ഈ രണ്ട് ഡിഡക്ഷനുകളും ലഭ്യമല്ല. എന്നാല് വാടകയ്ക്ക് നല്കിയ വീടാണെങ്കില് അതില് നിന്നും ലഭിക്കുന്ന വാടക വരുമാനം Income From House Property എന്നതില് വരുമാനമായി കാണിക്കണം. ഈ സാഹചര്യത്തില് പുതിയ സ്കീമില് ഹൗസിംഗ് ലോണിന്റെ പലിയ ഈ വരുമാനത്തില് നിന്നും കുറക്കാന് അനുവദിക്കുന്നുണ്ട്. എന്നാല് പരമാവധി കുറയ്ക്കാവുന്ന തുക നമുക്ക് വാടകയിനത്തില് ലഭിക്കുന്ന വരുമാനത്തില് നിജപ്പെടുത്തിയിരിക്കുന്നു. അതായത് നഷ്ടം സാലറി വരുമാനത്തില് നിന്നോ മറ്റ് വരുമാനങ്ങളില് നിന്നോ കിഴിവ് ചെയ്യാന് അനുവദിക്കുന്നതല്ല. എന്നാല് പഴയ സ്കീമില് ഈ നഷ്ടം 2 ലക്ഷം വരെ നമുക്ക് കിഴിവ് ചെയ്യാവുന്നതാണ്.
പഴയ രീതിയാണോ പുതിയ രീതിയാണോ ലാഭകരം എന്ന് ചോദിച്ചാല്‍ അതിന് ഒറ്റയടിക്ക് മറുപടി പറയുക സാധ്യമല്ല. കാരണം അത് ഓരോ വ്യക്തികളുടെ ഡിഡക്ഷന്‍ സ്കീമുകള്‍ക്ക് അനുസരിച്ച് വ്യത്യാസം വരും. അത് വേര്‍തിരിക്കുന്നതിന് ഒരു കട്ട് ഓഫ് പോയിന്‍റ് നിശ്ചയിക്കുക സാധ്യമല്ല. ചെറിയ രീതിയില്‍ പറയുകയാണെങ്കില്‍ ഡിഡക്ഷന്‍ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുള്ള ആളുകള്‍ക്ക് പഴയ രീതിയില്‍ തുടരുക തന്നെയാവും ലാഭകരം.
എന്തായാലും ഇതിനെക്കുറിച്ച് ചിന്തിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഈ ജോലി EASY TAX സോഫ്റ്റ് വെയര്‍ ചെയ്തുകൊള്ളും. ഒറ്റ ഡാറ്റാ എന്‍ട്രിയില്‍ തന്നെ രണ്ട് രീതിയിലും സ്റ്റേറ്റ്മെന്റുകള്‍ ജനറേറ്റ് ചെയ്യുന്ന തരത്തിലാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. ഡാറ്റ എന്റര്‍ ചെയ്തതിന് ശേഷം Old Regime, New Regime എന്ന രണ്ട് സ്റ്റേറ്റ്മെന്‍റുകളും ഓപ്പണ്‍ ചെയ്തു നോക്കുക. ഏതാണോ നികുതി കുറവ് വരുന്നത് അത് പ്രിന്‍റെടുത്ത് ഓഫീസില്‍ സമര്‍പ്പിക്കുക.